ഓര്‍മ്മകള്‍ കൈപിടിച്ച് നടത്തുന്നത്...


ഓര്‍മ്മകള്‍ കൈപിടിച്ച് നടത്തുന്നത്...................

പിച്ച വെച്ചുണര്‍ത്തിയ പൂഴിമണ്ണില്‍

    പതിഞ്ഞ ഉറയ്ക്കാത്ത കാല്‍വെയ്പ്പുകള്‍ക്കും

മഴത്തുള്ളികളുടെ കണ്ണീര്‍ ചാലില്‍

    ഉന്തിവിട്ട കടലാസു തോണികള്‍ക്കും

ഇടയിലെങ്ങോ കൈമോശം വെരുത്തിയ കുട്ടിത്തത്തിലേക്ക്.....

ഓര്‍മ്മകള്‍ കൈപിടിച്ച് നടത്തുന്നത്...................

അക്ഷരത്താളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച

    മയില്‍ പീലിത്തുണ്ടിനും

മധ്യവേനലവധിയുടെ ആയുസ്സു മാത്രം

    വിധിക്കപ്പെട്ട പ്രണയത്തിനും

ദൃഷ്ടി ദോഷത്തിന്‍റെ വന്ധ്യത

    പേറേണ്ടിവന്ന ആ മയില്‍പ്പീലിക്കൊപ്പം

അടയിരുന്നുണാരാതെ പോയ

    നിറമുള്ള സ്വപ്നങ്ങള്‍ക്കും; മേലേ

മുറിവുണങ്ങാത്ത നെഞ്ചിലേക്ക്

    ഇരച്ചുപെയ്ത ഇടവപ്പതിയുടെ ആര്‍ദ്രമര്‍മ്മരങ്ങളിലേക്ക്............

ഓര്‍മ്മകള്‍ കൈപിടിച്ച് നടത്തുന്നത്...................

അരവയര്‍ മുറുക്കിയുടുത്ത് സ്വരുക്കൂട്ടിയതൊക്കെ

    ഓട്ടക്കീശയിലേക്കാണെന്നറിഞ്ഞിട്ടും

അറിയാതെ ചോര്‍ന്നൊലിച്ചു പോയ കാലത്തെ പകുത്തെടുത്ത്

    ഒറ്റപ്പെട്ടവന്‍റെ അനാഥത്ത്വം മറയ്ക്കാന്‍

    കയ്യിലൊരൂന്നുവടിയായും

കാഴ്ച വറ്റിയ കണ്ണുകള്‍ക്കലന്കാരത്തിന്

ഒരു കണ്ണടയായും പേറി

    വലിച്ചെറിയപ്പെടുന്ന വൃദ്ധസദനത്തിന്‍റെ

നാല്ച്ചുവരുകള്‍ക്കുള്ളിലേക്ക്...........................

അരുണ്‍ ആര്‍

0 Response to ഓര്‍മ്മകള്‍ കൈപിടിച്ച് നടത്തുന്നത്...

Post a Comment